പരാതി പരിഹാര സംവിധാനങ്ങൾ
കാരോട് ഗ്രാമപഞ്ചായത്ത്
പരാതി പരിഹാര സംവിധാനങ്ങൾ
ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ട പരാതികൾ, ആക്ഷേപങ്ങൾ, സേവനങ്ങളിലെ കാലതാമസം, ഭരണപരമായ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് പരാതി സമർപ്പിക്കുന്നതിനും തുടർനടപടികൾ അറിയുന്നതിനുമായി ലഭ്യമായ പ്രധാന പരാതി പരിഹാര സംവിധാനങ്ങൾ.
പരാതി പരിഹാര സംവിധാനങ്ങൾ
ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) വിവിധ പരാതി പരിഹാര സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിഷയത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യമായ പരാതി പരിഹാര സംവിധാനത്തിലേക്ക് പരാതി സമർപ്പിക്കാം.
പ്രധാന പരാതി പരിഹാര സംവിധാനങ്ങൾ
കെ-സ്മാർട്ട് (K-SMART) ഓൺലൈൻ പോർട്ടൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങളെ ഏകീകരിക്കുന്ന ഒരു സംവിധാനമാണ് കെ-സ്മാർട്ട്.
പൊതുജനങ്ങൾക്ക് പരാതികളും ആക്ഷേപങ്ങളും ഈ ഓൺലൈൻ സംവിധാനം വഴി സമർപ്പിക്കാൻ അവസരമുണ്ട്.
പൊതുജന പരാതി പരിഹാര സെൽ
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള പൊതുജന പരാതി പരിഹാര സെൽ മുഖേന പരാതികൾ സമർപ്പിക്കാം.
സേവനങ്ങൾ ലഭിക്കുന്നതിലെ കാലതാമസം, അഴിമതി, മാലിന്യ മുക്ത നവകേരളം എന്നിവ സംബന്ധിച്ച പരാതികൾക്കായി പ്രത്യേക സംവിധാനങ്ങൾ ലഭ്യമാണ്.
secretaryvamanapuramgp@gmail.com
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡൻറ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഭരണപരമായ കർത്തവ്യങ്ങൾ നിർവഹിക്കുമ്പോഴുണ്ടാകുന്ന അഴിമതി, ദുർഭരണം, ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികൾ പരിഗണിക്കുന്ന സംസ്ഥാനതല സംവിധാനമാണ് ഓംബുഡ്സ്മാൻ.
നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പരാതികളിൽ സൂക്ഷ്മാന്വേഷണവും പൊതുവായ അന്വേഷണവും നടത്തുന്നതിനും തീർപ്പാക്കുന്നതിനുമുള്ള അധികാരം ഓംബുഡ്സ്മാനുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകളും പുനരവലോകനങ്ങളും പരിഗണിക്കുകയും തീർപ്പുകൽപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണലിനാണ്.
തദ്ദേശ സ്ഥാപനമെടുത്ത തീരുമാനങ്ങളുടെ നിയമസാധുതയും സാധുതയും സംബന്ധിച്ച വിഷയങ്ങളും ട്രിബ്യൂണൽ പരിഗണിക്കുന്നു.
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
സർക്കാരിന്റെ മൊത്തത്തിലുള്ള ഭരണപരമായ പരാതികൾ സ്വീകരിക്കുന്ന ഓൺലൈൻ സംവിധാനമാണിത്.
പരാതികൾ സമർപ്പിക്കുക, പരാതിയുടെ നില പരിശോധിക്കുക, ബന്ധപ്പെട്ട ചാർജ് ഓഫീസർമാരെ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങൾ ഈ പോർട്ടലിൽ ലഭ്യമാണ്.
തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും ഈ സംവിധാനത്തിലൂടെ സമർപ്പിക്കാം.
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയുടെ പരാതി പരിഹാര സംവിധാനം
തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പുകളിലെ വിവിധ തലത്തിലുള്ള ഓഫീസുകളെ ബന്ധിപ്പിക്കുന്ന പരാതി പരിഹാര സംവിധാനമാണിത്.
ഈ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രിക്ക് ഓൺലൈൻ പരാതി പരിഹാര പോർട്ടൽ വഴി സമർപ്പിക്കാം.
പരാതികളിലെ ഓരോ നീക്കവും പരാതിക്കാരന് SMS മുഖേന അറിയിപ്പ് ലഭിക്കുന്നതാണ്.
വിജിലൻസ് വിംഗ്
അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി സെക്രട്ടറിയേറ്റിനോട് അനുബന്ധമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് വിജിലൻസ് വിംഗ് പൊതുജനങ്ങളുടെ ആക്ഷേപങ്ങളും പരാതികളും പരിശോധിക്കുന്നു.
സംസ്ഥാനത്തുടനീളമുള്ള അനധികൃത / ചട്ടവിരുദ്ധ കെട്ടിട നിർമ്മാണങ്ങൾ, ബന്ധപ്പെട്ട ഫയലുകളിലെ ക്രമക്കേടുകൾ എന്നിവ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഇവിടെ സമർപ്പിക്കാം.
ട്രൈബ്യൂണൽ – പ്രധാന വിവരങ്ങൾ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണൽ
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തീരുമാനങ്ങൾക്കെതിരായുള്ള അപ്പീലുകളും പുനരവലോകനങ്ങളും പരിഗണിക്കുകയും തീർപ്പുകൽപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണലിനാണ്.
ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു നിയമ വിദഗ്ധനാണ് ട്രിബ്യൂണലിനെ നിയമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ എടുക്കുന്ന തീരുമാനങ്ങളുടെ നിയമസാധുതയും ക്ഷമതയും സംബന്ധിച്ച് സർക്കാരിൽ നിന്നും പരാമർശം ലഭിക്കുന്ന പക്ഷം അതിന്മേൽ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അധികാരവും ട്രിബ്യൂണലിനുണ്ട്.
- ഏതു ഉത്തരവിനെതിരെയാണോ പരാതിയുള്ളത്, ആ ഉത്തരവിന്റെ തീയതി മുതൽ 30 ദിവസത്തിനകം ഫാറം C-യിലാണ് ഹർജി സമർപ്പിക്കേണ്ടത്.
- ട്രിബ്യൂണലിന്റെ അനുമതിയുള്ള പക്ഷം ഒരു മാസത്തെ കാലതാമസത്തോടുകൂടി നിവേദനമോ തിരുത്തലോ സമർപ്പിക്കാവുന്നതാണ്.
- തദ്ദേശ സ്ഥാപനത്തിൽ സമർപ്പിച്ച ഒരു നിവേദനത്തിന് 60 ദിവസമായിട്ടും തീർപ്പുണ്ടാകാത്ത പക്ഷം, 90 ദിവസത്തിനുള്ളിൽ ട്രിബ്യൂണലിൽ ഹർജി സമർപ്പിക്കാവുന്നതാണ്.
- ഹർജിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബന്ധപ്പെട്ട മറ്റ് രേഖകളും, കഴിയുന്നത്ര സത്യവാങ്മൂലങ്ങളും ട്രിബ്യൂണലിൽ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.
- ഹർജിയോടൊപ്പം ട്രിബ്യൂണലിന്റെ തിരുവനന്തപുരം ഓഫീസിൽ മാറാവുന്ന ₹50-ന്റെ ഡി.ഡി.യും സമർപ്പിക്കേണ്ടതാണ്.
- ഹർജിയിൽ ₹100-ന്റെ Legal Benefit Fund Stamp പതിക്കേണ്ടതുമാണ്.
ട്രിബ്യൂണൽ ഫോർ ലോക്കൽ ബോഡീസ്,
ശ്രീമൂലം ബിൽഡിംഗ്സ്, കോർട്ട് കോംപ്ലക്സ്,
വഞ്ചിയൂർ, തിരുവനന്തപുരം
പ്രധാന പരാതി പരിഹാര ലിങ്കുകൾ
പരാതി സമർപ്പിക്കുന്നതിന് മുമ്പ്
പരാതിയുടെ വിഷയം, ബന്ധപ്പെട്ട സേവനം, അപേക്ഷാ / ഫയൽ നമ്പർ, തീയതി, ബന്ധപ്പെട്ട രേഖകൾ എന്നിവ കഴിയുന്നത്ര വ്യക്തമായി നൽകുന്നത് പരാതി വേഗത്തിൽ പരിശോധിക്കുന്നതിന് സഹായകരമാണ്.
വിഷയത്തിന്റെ സ്വഭാവം അനുസരിച്ച് മുകളിൽ നൽകിയിരിക്കുന്ന അനുയോജ്യമായ പരാതി പരിഹാര സംവിധാനമാണ് തിരഞ്ഞെടുക്കേണ്ടത്.